Our Blog

Home   »   മുർഷിദ കെ പി ഉണ്ണിയാൽ.
മുർഷിദ കെ പി ഉണ്ണിയാൽ.

മുർഷിദ കെ പി ഉണ്ണിയാൽ.

12-06-2020

മൂന്നു വർഷങ്ങൾ പിന്നിടുന്നു.
ഓർമ്മകളുടെ, ഓർമിപ്പിക്കലുകളുടെ മൂന്നു വർഷങ്ങൾ.
എത്ര പെട്ടെന്നാണ് ചിലരൊക്കെ പ്രിയപ്പെട്ടവർ ആയി മാറുന്നത്!ഒന്നുമറിയാതെയാണ് അന്നാ പടിവാതിൽ കയറിച്ചെന്നത്. പത്താം ക്ലാസുകാരിയുടെ പക്വതയില്ലാത്ത മനസ്സോടെ കയറിച്ചെല്ലുമ്പോൾ എനിക്ക് എം ഐ സി എന്നത് സങ്കൽപ്പിക്കാൻ പോലുമാകാത്ത ഒരു വലിയ ലോകമായിരുന്നു. അപ്ലിക്കേഷനും അലോട്മെന്റുമൊക്കെയായി അഡ്മിഷനു പിന്നാലെ ഓടി നടന്ന രണ്ടാഴ്ച.
സ്ഥാപനം തിരഞ്ഞെടുത്തതും അപേക്ഷ പൂരിപ്പിച്ചതുമെല്ലാം വീട്ടുകാരുടെ താല്പര്യത്തിനു വിട്ടു കൊടുത്ത് നാടുവിടേണ്ടി വരുന്ന സങ്കടവും ദേഷ്യവും കടിച്ചമർത്തി പത്താം ക്ലാസ്സുകാരി മുഖം കറുപ്പിച്ചിരുന്നു.
അന്ന് ഇത് പോലെയൊരു ജൂലൈ മാസം.ഒരു വ്യാഴാഴ്ച.
പടിയിറങ്ങും മുന്നേയുള്ള കരച്ചിലും യാത്ര പറച്ചിലുമൊക്കെ കഴിഞ്ഞ് വണ്ടി നേരെ തൃശൂരിലേക്ക്. കേട്ടു പരിചയം പോലുമില്ലാത്ത കൊടുങ്ങല്ലൂരിലെ മാലിക് ബിൻ ദീനാർ ഇസ്ലാമിക്‌ കോംപ്ലെക്സിലേക്ക്. കൊട്ടിഘോഷവും വിളംബരങ്ങളുമൊക്കെയായി ഒത്തിരി ദൂരെ നിന്ന് തന്നെ തുടങ്ങുന്നു എം ഐ സി യുടെ വക ഫ്‌ളക്‌സ് ബോർഡുകൾ.
തൃശൂർ ജില്ലയിലെ പ്രഥമ സംരംഭം.
വഫിയ്യ കോളേജ് ഉദ്ഘാടനം പാണക്കാട് സയ്യിദ് സാബിഖ്അലി ശിഹാബ് തങ്ങൾ.
വേറെയും ഏതൊക്കെയോ വലിയ ആളുകൾ പങ്കെടുക്കുന്ന വലിയ ആഘോഷപരിപാടി.
ഒന്നിലും ശ്രദ്ധയുറക്കാതെ എവറെസ്റ്റോളം എത്തിയ നെഞ്ചിടിപ്പ്.
ഗേറ്റ് കടന്നപ്പോൾ അമ്പരപ്പ്.
കണ്ടു മനസ്സിലാക്കാവുന്നതിലധികം ബിൽഡിങ്ങുകൾ, സ്ഥാപനങ്ങൾ.
ഓടി നടക്കുന്ന പ്രവർത്തകർ.

ഉദ്‌ഘാടനവും സമ്മേളനവും കഴിഞ്ഞ് ഞാനറിയാതെ തന്നെ എം ഐ സി കുടുംബത്തിലെ അംഗമായി മാറിയത്..
ഹോസ്റ്റൽ ജീവിതത്തിന്റെ തുടക്കത്തിൽകണ്ണുനീർ പേമാരി പോലെ പെയ്തത്..
പതിയെ പതിയെ എം ഐ സി യെ അടുത്തറിഞ്ഞത്. എല്ലാം ഇന്നലെ കഴിഞ്ഞ പോലെ.
ആദ്യമാദ്യം തീർത്തും അപരിചിതത്വം മാത്രം. അറിയാത്ത നാടും നാട്ടുകാരും.നാലു മതിലുകൾ തീർത്ത വീർപ്പുമുട്ടലുകൾ. ഇടയ്ക്കിടെ വന്നു വിശേഷം തിരക്കുന്ന പരിചിതമല്ലാത്ത മുഖങ്ങൾ.
ഇപ്പോൾ മൂന്നു വർഷം പിന്നിലേക്ക് നോക്കുമ്പോൾ ഓർത്തെടുക്കേണ്ട മുഖങ്ങൾ അനവധി നിരവധി.
പ്രവാസത്തിന്റെ പ്രയാസം മുഴുവൻ നെഞ്ചിലേറ്റിയിട്ടും ഒരായുസ്സ് മുഴുവൻ നാട്ടിലൊരു ദീനീസ്ഥാപനത്തിനായി ചെലവഴിച്ച വന്ദ്യപിതാവ് സൈദുമുഹമ്മദ് ഹാജി. ആറടിമണ്ണിലിരുന്ന് പ്രിയ മക്കൾ കിതാബോതുന്നത് കണ്ട് കണ്ണ് നിറയുന്നുണ്ടാവണം .
ഉപ്പ കാണിച്ച വഴിയേ ദീനിന്റെ ഓരം ചേർന്ന് നിന്ന് താങ്ങായും തണലായും കൂടെ നിന്ന ഹമീദ് സാഹിബടക്കമുള്ള സൈദുപ്പയുടെ മക്കൾ.
തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് മാത്രം യാത്ര ചെയ്യുമ്പോഴും മക്കൾക്കായി ഓടിയെത്തിയിരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട എസ് എം കെ തങ്ങൾ..
ചോദിക്കും മുൻപേ ആവശ്യങ്ങളും ആഗ്രഹങ്ങളും കണ്ടറിഞ്ഞു ചെയ്തു തരാറുള്ള മജീദുപ്പ എന്ന് ഏറെ ഇഷ്ടത്തോടെ വിളിക്കാറുള്ള മജീദ്ക്കയും കുടുംബവും.
തസ്ബീഹ് മാലയും തലപ്പാവും ഇല്ലാതെ തന്നെ തഖ്‌വ പഠിപ്പിച്ചു തന്ന ആത്മാർത്ഥ വിഖായ എന്ന് ഞങ്ങൾ പേരിട്ടു വിളിച്ചിരുന്ന, ഏത് പാതിരാത്രിയിലും വിളിപ്പുറത്തുണ്ടായിരുന്ന പ്രിയ ജ്യേഷ്‌ഠൻ അബ്ബാസ്‌ക്ക.
പരുന്തുകളെ പോലെ പറക്കണം എന്ന് പലകുറി പറഞ്ഞു തന്ന ഷാജിക്ക. കടലിനപ്പുറത്തിരുന്ന് കലാലയത്തിന്റെ വളർച്ചയും വികാസവും നോക്കിക്കണ്ട സുധീർക്ക, മുസ്തഫക്ക, നാട്ടുകാരനായി നിന്ന് ഇടപെടലുകൾ നടത്താറുള്ള അഭിലാഷ്‌ക്ക.ഇസ്ഹാഖ്ക്ക.. ഇനിയും പേരറിയാത്ത ഒട്ടേറെ ദീനിസ്നേഹികൾ.

ഞങ്ങളറിയാതെ ഞങ്ങൾക്ക് വേണ്ടി ഉരുകിയവർ..
സ്വന്തം കുടുംബത്തേക്കാളേറെ എം ഐ സി യെ നെഞ്ചിലേറ്റിയവർ…
വിദേശത്തെ ജോലിതിരക്കുകൾക്കിടയിലും എം ഐ സി യുടെ ആഘോഷങ്ങളിൽ മനസ്സ് കൊണ്ട് പങ്കു ചേർന്നവർ… നാട്ടിലെത്തുമ്പോൾ ആദ്യം ഞങ്ങളുടെ അടുത്തേക്ക് ഓടിയെത്തിയിരുന്നവർ… അങ്ങനെ എത്രയോ മുഖങ്ങൾ…

കോളേജ് ഏറ്റവുമധികം ഒരുങ്ങുന്ന ആ നല്ല നാളുകൾ. കുടുംബവും കുട്ടികളുമൊക്കെയായി കമ്മിറ്റിക്കാർ കാണാൻ വരുമ്പോൾ പാട്ടും പ്രസംഗവുമൊക്കെയായി ദിവസങ്ങൾക്കു മുന്നേ തുടങ്ങുന്ന മേളങ്ങൾ.
അങ്ങനെ എത്രയോ കുടുംബ സംഗമങ്ങൾ. പ്രവർത്തകരോടൊപ്പം അവരുടെ കുടുംബവും ഒരു സ്ഥാപനത്തെ നെഞ്ചേറ്റുന്നത് ഞങ്ങൾക്ക് പുതിയൊരനുഭവമായിരുന്നു.
ഇന്നിവിടെ പഠിച്ചും പഠിപ്പിച്ചും എം ഐ സി വഫിയ്യ മൂന്നാം വർഷത്തിലെത്തി നിൽക്കുമ്പോൾ ഒന്നേ പറയാനുള്ളു. ചൊല്ലിപ്പഠിച്ച പാഠപുസ്തകങ്ങൾക്കുമപ്പുറം വലിയ പാഠങ്ങൾ പഠിപ്പിച്ചത് നിങ്ങളായിരുന്നു.
ദീനിനെയും ദീനീസ്ഥാപനത്തെയും സ്നേഹിക്കാനും ചേർത്തുപിടിക്കാനും പഠിപ്പിച്ചത് നിങ്ങൾ മാത്രമാണ്. ആഗ്രഹങ്ങളൊന്നും പാതിവഴിയിൽ പൊലിഞ്ഞുപോകാതെ വെള്ളവും വളവും തന്ന് നിങ്ങൾ ഞങ്ങളെ വളർത്തി.
മണ്മറഞ്ഞ മഹാന്മാർ കണ്ട സ്വപ്നം പൂവണിയാൻ നിങ്ങൾ ഞങ്ങളോടൊപ്പം നിന്നു.

എം ഐ സി വളരുകയാണ്.
പുതിയ സംവിധാനങ്ങളും സ്ഥാപനങ്ങളും ആ മണ്ണിൽ തലയുയർത്തി നിൽക്കുന്നത് നിങ്ങൾ കാരണമാണ്.
ഓരോ ചലനങ്ങൾക്കും ചുക്കാൻ പിടിച്ചു കൊണ്ട് സ്വന്തം മക്കളായി കണ്ട് ഞങ്ങൾക്ക് ചുറ്റും സുരക്ഷിതത്വത്തിന്റെ വലിയ മതിലുകൾ തീർത്തതും നിങ്ങൾ തന്നെ. എല്ലാം നന്മ മാത്രം പൂക്കുന്ന നിങ്ങളുടെ നല്ല മനസ്സ് കൊണ്ടു മാത്രം.
എന്നും പ്രിയപ്പെട്ടവർക്കു വേണ്ടി മാറ്റിവെക്കുന്ന രഹസ്യപ്രാർത്ഥനകളിൽ നിങ്ങൾക്കൊരിടം… അല്ല.. നിങ്ങൾക്ക് മാത്രമായൊരിടം.
സ്നേഹം നൽകിയവർക്ക് അള്ളാഹു സ്വർഗം നൽകട്ടെ…
ആമീൻ